Jun 11, 2009

തിരുവല്ലയിലെ മഴക്കാല ജീവിതം












പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൌണില്‍ MCA പഠിക്കുന്ന കാലം . പ്രശസ്തമായ MACFAST കോളേജ് ആണ് ആസ്ഥാനം . നല്ല മഴക്കാലം ആണ് , പുറത്തു ഇറങ്ങാന്‍ പറ്റുനില്ല. രാവിലെകളില്‍ ഉറക്കം എഴുനേല്‍ക്കാന്‍ പോലും തോന്നില്ല . ഞങ്ങള്‍ താമസിക്കുന്നിടത്ത് റബ്ബര്‍ തോട്ടം ഉള്ളത് കൊണ്ട് തണുപ്പും കൂടുതലാണ് . പിന്നെ ഹോസ്ടലും കോളേജും അടുത്തടുത്ത്‌ ആയതു കൊണ്ട് മാത്രം കോളേജില്‍ പോകാറുണ്ടായിരുന്നു. കൂടുതല്‍ കുട്ടികളും ഹോസ്റ്റലില്‍ ആയതു കൊണ്ട് ക്ലാസ്സ്‌ മുറപോലെ നടക്കുന്നുണ്ടായിരുന്നു . അത് മാത്രമല്ല എല്ലാരേയും കണ്ടു വിശേഷങ്ങള്‍ ഒക്കെ ചോദിചില്ലേല്‍ മനസിന്‌ ഒരു വല്ലായിമ ആണ് .





അടുത്ത വീട്ടിലെ ചേച്ചി ആയിരുന്നു ഞങ്ങളുടെ അന്നധാതാവ് . രാവിലെ ഒരു കട്ടന്‍ പതിവായിരുന്നു . കട്ടനും കഴിച്ചു വീണ്ടും ഒരു ഉറക്കം ആണ് 8.30 വരെ . വീടുകളില്‍ നിന്ന് പഠിച്ചിരുന്ന കുറച്ചു മാന്ന്യന്‍മാര്‍ ഉണ്ടായിരുന്നു എന്റെ ക്ലാസില്‍ , അങ്ങനെ പറയാന്‍ കാരണം ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നവര്‍ തെമ്മാടികളും കൊള്ളരുതാത്തവരും ആണെന്ന് ആണല്ലോ പൊതുവേ , അങ്ങനെ എല്ലാ മാന്യന്മാരും സുന്ധരന്മാരവാന്‍ രാവിലെ ഹോസ്റ്റലില്‍ വരുന്നത് ഒരു പതിവായിരുന്നു (ശ്രീറാം ,സഞ്ജു , ബിനു , സജിത്ത് , ഹരിലാല്‍ , എസ്തു ......). അപ്പോഴാണ് ഞങ്ങള്‍ വീണ്ടും ഉറക്കം ഉണരുന്നത് . പിന്നെ ഒരു ഉത്രടപാച്ചില്‍ , ഒരിക്കലും ഞങ്ങള്‍ സമയത്തിന് ക്ലാസ്സില്‍ കയറാറില്ല , വെള്ളം ഇല്ലായിരുന്നു , കറന്റ്‌ ഇല്ലായിരുന്നു അങ്ങനെ ഓരോ ദിവസം ഓരോ കാരണങ്ങള്‍ . മുന്നില്‍ കൊച്ചുമോന്‍ ഉണ്ടേല്‍ പിന്നെ ധൈര്യം ആയി . പിന്നെ പിന്നെ അദ്ധ്യാപകരും അത് ശീലിച്ചു തുടങ്ങി..




മൂന്നാം നിലയിലുള്ള എന്റെ ക്ലാസ്സമുറിയിലെ ജനലുകള്‍ തുറന്നിട്ടാല്‍ വിശാലമായ കണ്ടം കാണാം , ഒരിക്കല്‍ കൃഷി ചെയ്തിരുന്ന സ്ഥലം ആണ് ,ഇന്നു വെറുതെ ചതുപ്പ് നിലമായി കിടക്കുന്നു . മഴക്കാലത്ത് ചതുപ്പ് ഒരു കായലായി രൂപപെടും . പൊടി മീനിനെയും പച്ചതവളയെയും പിടിക്കാന്‍ വരുന്ന നാട്ടുകാരുടെ ബഹളം ആണ് പിന്നെ . ജനലരുകില്‍ ഇരുന്നു ഇതെല്ലാം വീക്ഷിക്കുന്നത് എന്റെ ഒരു ശീലം ആയിരുന്നു, എന്റെ മാത്രമല്ല ഒരുപാട് പേരുടെ . മഴയോട് വല്ലാതോരടുപ്പം ആണ് എനിക്ക് അത് കൊണ്ട് മഴ ഉള്ള സമയങ്ങളില്‍ ഞാന്‍ ജനലരുകില്‍ മാത്രമേ ഇരിക്കുകയുള്ള് അതും തുറന്നിട്ട ജനലരുകില്‍ . നേര്‍ത്ത മഴത്തുള്ളികള്‍ ശരീരത്തില്‍ പതിക്കുമ്പോള്‍ ഈസ്റ്റ്‌ കോസ്റ്റ്‌ വിജയന്‍റെ പ്രണയ ഗീതങ്ങള്‍ ആണ് മനസ്സില്‍ നിറയുന്നത് . കാറ്റതു തിമിര്‍ത്തു പെഴുന്ന മഴയും ആടി ഉലയുന്ന റബ്ബര്‍ മരങ്ങളും വിശാലമായ കണ്ടവും കൊച്ചു തോണിയും കണ്ടതിനു കുറുകെ ഉള്ള പഞ്ചായത്ത് നടവഴിയും അലഞ്ഞു തിരിയുന്ന കാലികൂട്ടങ്ങളും കൂടി ആ പ്രദേശത്തിന് ഒരു അഭൌമിക സൗന്ദര്യം ചാര്‍ത്തികൊടുത്തിരുന്നു . ആ നിമിഷങ്ങളില്‍ ഞാനും വേറൊരു ലോകത്തില്‍ ആയിരിക്കും . അവിടെ നിന്നും തിരികെ വരണമെങ്ങില്‍ വിന്‍ മാത്യു സാറിന്റെ , സ്മിത മിസ്സിന്റെ , വാണി മിസ്സിന്റെ ചോക്കേര് കിട്ടണം പൊതുവേ ഉറങ്ങിയാല്‍ പോലും ആരും വിളിക്കാറില്ല പിന്നെ വല്ലപ്പോഴും സ്നേഹം കൂടുമ്പോള്‍ മാത്രം .




മഴക്കാലങ്ങളില്‍ ഉച്ചതിരിഞ്ഞ് ഹോസ്റ്റലില്‍ വന്നു രണ്ടെണ്ണം വീശി ചീട്ടും കളിച്ചിരിക്കാന്‍ എന്ത് രസം ആണെന്നോ ? ഞങ്ങള്‍ ഇടയ്ക്കു അങ്ങനെ ഇരിക്കാറുണ്ടായിരുന്നു . ഗുലാം പെരിശ് അഥവാ 28. വല്യ വാശി കളിയാ , കൂട്ടത്തില്‍ മിടുക്കന്‍ ജഗന്‍ എന്ന ജഗ്ഗു തന്നെ . പക്ഷേ ജഗന്‍ അടിക്കതില്ല ആള് നീറ്റ്‌ ആണ് . കളി നീണ്ടു പോകുമ്പോള്‍ വീണ്ടും സാധനം എത്തുകയായി . കളിക്കിടയില്‍ ലുട്ടുവിന്റെ വക കുറയെ ബഡായികലുമ് , ഡിനിലിന്ടെയുമ് കൊച്ചു മോന്റെയും വക കുറച്ചു തമാശകളും അങ്ങനെ നല്ല മൂഡ്‌ എത്തിയാല്‍ പിന്നെ അന്ന് എങ്ങോട്ടാ പോവുക എന്നു പറയാന്‍ പറ്റില്ല . പെട്ടെന്ന് പ്ലാന്‍ ചെയ്യുന്നു ഉടനെ പുറപെടുന്നു അതാണ് ഞങ്ങള്‍ . കൂടുതലും പോയിട്ടുള്ളത് മൂന്നാര്‍ വാഗമണ്‍ എന്നീ സ്ഥലങ്ങളില്‍ ആണ് .






ഒരിടത്തും പോകാന്‍ പറ്റിയില്ലേലോ അന്ന് ഷാജി ചേട്ടന്റെ (ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്‍ ) പാവപെട്ട ഏതെങ്ങിലും ഒരു കോഴി ഞങ്ങളുടെ തീന്‍ മേശയില് ഉണ്ടാവും . പൊടി പോലും ഇല്ല കണ്ടുപിടിക്കാന്‍ എന്നു പറഞ്ഞത് പോലെ ആണ് കാര്യം . അതിനു വില്ലന്‍ Dixon തന്നെയാ . ശബ്ദം പുറത്തു വരാതെ കോഴിയെ പിടിക്കാനും കൊല്ലാനും , അത് മാത്രമോ ഒരു പൂട പോലും അവശേഷിക്കില്ല തെളിവിനു , എല്ലാം വളരെ ഭദ്രം ആയി കത്തിച്ചു കളയും. പിന്നെ അന്ന് ചിക്കന്‍ കറി ആന്‍ഡ്‌ ചപ്പാത്തി കൂടെ ലിക്കര്‍ . നീണ്ടു നീട്‌ പോകുന്ന രാത്രികള്‍ പുലരുമ്പോള്‍ ഉറക്കം . രാവിലെ ഷാജി ചേട്ടന്റെ അമ്മ കോഴിയെ നോക്കുമ്പോള്‍ ഒന്നും അറിയാത്ത പോലെ അടുത്ത് ചെന്ന് എന്ത് പറ്റി അമ്മേ എന്നു ഒരു ചോദ്യം .




മഴക്കാലത്ത് രാത്രിനേരങ്ങളില്‍ പൊതുവേ ഹോസ്റ്റലില്‍ കറന്റ്‌ കാണാറില്ല . കോളേജില്‍ ജനെരേട്ടൊര് ഉളത് കൊണ്ട് പുലരുവോളം കോളേജില്‍ തന്നെ ആയിരിക്കും (college computer lab). അത് കഴിഞ്ഞു റൂമിലോട്ടു വരുന്ന വരവ്, തിരികെ എത്തിയാല്‍ എത്തി എന്നേയുള്ളു . കുറ്റാകൂരിരുട്ടു വലതു വശത്ത് റബ്ബര്‍ മരങ്ങളും അതിനു താഴെയായി കറന്റ്‌ കമ്പിയും . മഴ നന്നഞ്ഞു നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ കാറ്റു കൂടെ അടിച്ചാലോ അപ്പൊ നിലം പോത്തും . അത് ലൈന്‍ കമ്പിയുടെ മുകളില്‍ തന്നെ കൃത്യമായി വീഴും . ഭാഗ്യം ഉണ്ടേല്‍ നമ്മുടെ തലയിലോട്ടും . കറന്റ്‌ അടിച്ചു ചാകുമോ തലയില്‍ മരം വീണു ചാകുമോ എല്ലാം ഈശ്വരന് മാത്രം അറിയാം . ഒരു മൊബൈല്‍ ടോര്‍ച്ചും പിടിച്ചാണ് രാത്രിയിലെ നടത്തം. ഒരു ഉദേശം വച്ചാണ് പൊതുവേ നടത്തം . പിന്നെ നല്ല ധൈര്യം ഉള്ളത് കൊണ്ട് ഒരുമിച്ചാ എല്ലാരും ലാബില്‍ നിന്നും ഇറങ്ങുന്നത് . dinile നീ ഒന്ന് കുനിഞ്ഞു നടന്നോ ലൈന്‍ കമ്പി ഒന്നും തലയില്‍ തട്ടണ്ട കൊച്ചുമോന്റെ സ്ഥിരം ഡയലോഗ് ആണ് ഇപ്പോള്‍ വെറുതെ ഓര്‍ത്തുപോയി .



അങ്ങനെ ഇരിക്കെ ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ കണ്ടതിനടുത്തു പോയി , എനിക്ക് കുറച്ചു നീന്ദല് അറിയാവുന്നത് ഞാന്‍ അല്‍പ്പം ജാടയൊക്കെ കാണിച്ചു അങ്ങനെ നില്‍ക്കയായിരുന്നു . നോക്കിയപ്പോള്‍ കരയില്‍ ഒരു ഫൈബര്‍ വള്ളം കിടക്കുന്നു . ഞാന്‍ കൊച്ചുമോനെയും വിളിച്ചു അതില്‍ കയറി ഒന്ന് ചുറ്റി . എല്ലാരും കരയില്‍ വളരെ ആകാംഷയോടെ നോക്കി നില്‍ക്കുന്നു .കൊച്ചുമോന് ബാലന്‍സ് ചെയ്യാന്‍ പറ്റാത്തത്കൊണ്ട് അവനെ കരയില്‍ ആക്കി ഞാന്‍ രു ലോങ്ങ്‌ ജേര്‍ണി തുടങ്ങി അടുത്ത കരയിലോട്ടു.വളരെ പതുക്കെ കായലിന്റെ ഭംഗി ഒക്കെ ആസ്വദിച്ചു സിനിമ സ്റ്റൈലില്‍ . എല്ലാരുടെയും മുന്നില്‍ ഞാന്‍ പെട്ടെന്ന് എന്തൊക്കെയോ ആയതു പോലെ എനിക്ക് തോന്നി . അഹങ്കാരതിന്ടെ കൊടുമുടിയില്‍ ഞാന്‍ എത്തിയ നിമിഷം . അടുത്ത കരയില്‍ നിന്നും ഒരു നാട്ടുകാരന്‍ എന്നെ വിളിച്ചു . ഞാന്‍ വളരെ സന്തോഷത്തോടെ അങ്ങോട്ട്‌ വള്ളം അടുപ്പിച്ചു . മോനെ നീന്ദല് ഒക്കെ അറിയാമോ? അറിയാം ചേട്ടാ . വള്ളം എവിടെന്ന എടുത്തേ ? അവിടെ കെട്ടി ഇട്ടിരുന്നു ഞാന്‍ എടുത്തു . കെട്ടി ഇട്ടിരുന്നാല്‍ നീ എടുക്കോ ? രംഗം വഷളാകും എന്ന് അറിഞ്ഞ ഞാന്‍ വള്ളം കരയില്‍ അടുപ്പിക്കാതെ നിന്നു. ദൂരെ നിന്നും എന്റെ കൂട്ടുകാര്‍ എല്ലാം നോക്കുന്നുണ്ടായിരുന്നു . കായും പുയും ചേര്‍ത്ത് അവന്‍ എനിക്കിട്ടു ഒന്ന് രണ്ടു വിളിച്ചു . അപ്പോള്‍ എനിക്ക് മനസിലായി ഇതു അവന്റെ വള്ളം ആണെന്ന് . പിന്നെ അവന്മാര്‍ക്ക് നമ്മളോട് പണ്ടേ കുറച്ചു കലിപ്സ് ഉണ്ട് . വള്ളം കൊണ്ട് ഇടടാ എന്ന് ഒരു അലര്‍ച്ചയും . കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ റിവേഴ്സ് ഗിയര്‍ ഇട്ടു. പിന്നെ ഒരു നൂറു നൂറ്റി ഇരുപതു സ്പീഡില്‍ ഞാന്‍ തിരികെ എത്തി . ഒരു ചാപ്ലിന്‍ സ്റ്റൈല്‍ . കരയില്‍ നിന്ന എല്ലാര്ക്കും മനസിലായി എന്തൊക്കെയോ നടന്നു എന്ന് പക്ഷെ എന്താ വിളിച്ചതെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല . എന്‍റെ അഭിമാനം പോകില്ലേ ? എന്തായാലും മുകളിലെത്തിയ ഞാന്‍ അതിലും പെട്ടെന്ന് താഴെ എത്തി . സന്തോഷം ആയി . പിന്നെ എന്‍റെ കൂട്ടുകാരന്മാര്‍ക്ക് ഒരു ആഴ്ചത്തേക്ക് പറയാനുള്ള കഥ ആയി .


നാട്ടില്‍ മഴകാലം ആണെന്ന് കേള്‍ക്കുമ്പോള്‍ ഈ മരുഭൂമിയില്‍ ഇരുന്നു എന്‍റെ മനസ് കൊതിക്കാറുണ്ട് മഴ തിമിര്‍ത്തു പെയ്യുന്നത് കാണാന്‍ ,റബ്ബര്‍ മരങ്ങള്‍ ആടിയുലയുന്നത് കാണാന്‍ , നിറഞ്ഞൊഴുകുന്ന കണ്ടം കാണാന്‍ , ഒന്ന് തോണി തുഴയാന്‍ , മഴയത്ത് ബെന്ചെട്ടന്റെ കടയില്‍ വന്നു ഒരു കട്ടന്‍ അടിക്കാന്‍ , കാവാലതുപൊയി പൊടിമീന്‍ കഴിക്കാന്‍ , വെറുതെ മഴ നനയാന്‍ അങ്ങനെ ആഗ്രഹങ്ങളുടെ ഒരു നീണ്ട നിര ....





ഇനി പഴയ പോലെ ഒരു കാലം ഉണ്ടാവുമോ ? ഇനിയും മഴക്കാലങ്ങള്‍ വരട്ടെ തോണിയും തുഴഞ്ഞു നടക്കാന്‍ പുതിയ തലമുറ വരട്ടെ അവരും ആസ്വദിക്കട്ടെ നമ്മുടെ മഴക്കാലങ്ങള്‍
കൂട്ടത്തില്‍ ഓര്‍മ്മകള്‍ അയവിറക്കി ഞാനും ജീവിക്കട്ടെ എവിടെ ഈ മരുഭൂമിയില്‍
ഇതുപോലെ നല്ല നല്ല ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ച കൂട്ടുകാരെ നിങ്ങള്ക്ക് നന്ദി ഒരു ആയിരം നന്ദി

Jun 1, 2009

നറുക്കുകള്‍


നറുക്കിട്ടെടുത്തെന്‍  വഴികളെ 
അവ ചതിക്കില്ലെന്ന  ഉറപ്പോടെ 
വേര്‍ പിരിയുന്ന വഴികള്‍ക്ക് മുന്നില്‍ 
സ്തബ്ധനായ്   നിമിഷ നേരം നോക്കി 
കൌതുകത്തോടെ 
 
മനസ്സിനെ മഥിച്ച ചോദ്യങ്ങള്‍ക്കൊടുവില്‍ 
അതിലൊരു വഴി നറുക്കിട്ടെടുത്തു   
തുടങ്ങിയെന്‍  യാത്ര . 
നറുക്കിട്ടെടുത്തെന്‍  വഴികളെ 
അവ ചതിക്കില്ലെന്ന  ഉറപ്പോടെ
 
ഉന്മത്തമായെന്‍ മാനസത്താല്‍  
മങ്ങിയെന്‍ കാഴ്ചകളും .
വഴിവക്കിലെ നരകിച്ച ജീവിതങ്ങളെ 
കാണാന്‍ തുനിഞ്ഞില്ലൊരിക്കലും  
കണ്ടതോ , സുന്ദരക്കാഴ്ചകള്‍ മാത്രം .
മനമറിയാതെ ചൊല്ലിയാടിയ   
കാഴ്ച്ചകള്‍ക്കൊടുവിലെ  ഭീമമാം -
ഗര്‍ത്തം കണ്ടു പകച്ചു പിന്നോട്ട് തിരിഞ്ഞ നേരം 
കണ്ടില്ല സുന്ദരക്കാഴ്ചകളൊന്നും  ഞാന്‍ .
കൂരിരുട്ടിന്‍  അട്ടഹാസമാല്ലാതെ .
 
പഞ്ചാരപ്പാട്ടുകള്‍ പാടിയെന്‍ മുന്നാലെ 
മന്ദാരപ്പൂക്കള്‍  വിരിയിച്ച കാറ്റേ 
നീ വകഞ്ഞുമാറ്റിയ  അന്ധകാരത്തിലൂടെയാണോ 
ഇത്ര നാള്‍ ഞാന്‍ യാത്ര ചെയ്തതെന്നോ? 
നറുക്കുകളെന്നെ ചതിച്ചുവല്ലോ ...
വന്ന വഴിയേത് ...? ഇനിയെന്തെന്‍ മുന്നില്‍ ...?

ചതിച്ചതാരെന്നെ ...
നറുക്കുകളോ , കാറ്റോ , ഞാന്‍ തന്നെയോ? 
അബോധത്തിലാഴ്ന്ന  നിശകള്‍ക്കും  
വിശ്രമരഹിത  പകലുകള്‍ക്കും 
കത്തിയെരിയുന്ന സിഗററ്റുകുറ്റികള്‍ക്കും  
നരച്ചു പൊങ്ങുന്ന മദ്യക്കുപ്പികള്‍ക്കുമിടയില്‍  
എന്നെ ചതിച്ചതാരെന്നു  
ഞാനെങ്ങനെയറിയുവാന്‍  ?
 
സത്യങ്ങള്‍ ഗ്രഹിച്ചു ഞാന്‍ -
ജീവിത സത്യങ്ങള്‍ , കാലത്തിന്‍ വെളുത്ത സത്യങ്ങള്‍ 
കാലത്തിന്‍ പദയാത്ര തന്‍ മദ്ധ്യേതന്നെ 
ജീവിതം പഠിപ്പിച്ച സത്യങ്ങള്‍ ലളിതം 
അവ ഉള്‍ക്കൊള്ളാത്ത മനസ്സ്  വികൃതവും .
കുറ്റബോധത്തിന്‍  ബൌദ്ധിക  മണ്ഡലം 
കുറ്റപ്പെടുത്തുന്നില്ല അശേഷമെന്നെ  
തെറ്റില്‍ നിന്നു തെറ്റിലേയ്ക്ക് 
ലക്ഷ്യബോധത്തോടെ  ഊളിയിട്ടിറങ്ങുമ്പോഴും 
ദേഹവും ദേഹിയും  ഒരു പോലെ 
മറയിടും  കപട ധരണയിത്  
പിന്നെ ഇവിടെന്തു തെറ്റ് ... ഇവിടെന്തു കുറ്റം ?
എന്ത് കുറ്റബോധം ... എന്ത് സ്വബോധം ?
 
ഒന്നു ചോദിക്കട്ടെ 
പ്രിയ സുഹൃത്തേ, പറയൂ    
ഈ പദയാത്രയില്‍ നീറുമെന്നാത്മാവിനെ 
അസ്ഥിത്വമില്ലാതലയുന്ന എന്നെ 
കണ്ടുവോ ഒരു വട്ടമെങ്കിലും ? 
ജ്വലിക്കുന്ന അഗ്നികുണ്ഡത്തില്‍   
ചാടിയോ നീയും  കണ്ണുനീരിന്‍ നനവോടെ 
എന്റെ സ്വപ്നങ്ങളെപ്പോലെ 
എന്നെപ്പോലെ , ഒരുപിടി ചാരമാവാന്‍ .