Aug 24, 2009

"ഇനി ഞാന്‍ ഉറങ്ങട്ടെ ഈ ആത്മാക്കള്‍ക്കൊപ്പം "


അമ്മേ കരയല്ലേ , ചേച്ചി എഴുന്നേറ്റു ആഹാരം കഴിക്കു . എന്റെ പോന്നു അനിയാ മോനെ എന്തുവാടാ നീ ഇങ്ങനെ പെണ്ണുങ്ങളെ പോലെ ഇരുന്നു കരയുന്നേ , അച്ഛന്‍ എന്തിയെ നീ പോയി അച്ഛന് മരുന്നു കൊടുത്തെ വയ്യാത്ത ആളാ . അമ്മേ ഞാന്‍ പറയുന്നത് കേള്‍ക്കു . എടാ പൊട്ടന്‍ മനുവേ നിന്നെ എന്റെ കൂട്ടുകാരനയാണോ എന്റെ അമ്മ കണ്ടത് , എന്നെ പോലെ തന്നെ അല്ലേ പിന്നെ പറയടാ എല്ലാരോടും വിഷമിക്കാതിരിക്കാന്‍, നീ എന്തിനാ എങ്ങനെ മാറിനില്‍ക്കുന്നെ. ഇതു ആരൊക്കെയാ വന്നിരിക്കുന്നെ , എന്തിനാ വെറുതെ എല്ലാരും വന്നേ.


ഞാന്‍ ഇതൊക്കെ ആരോടാ പറയുന്നേ , ഞാന്‍ പറയുന്നത് ഇനി ആര് കേള്‍ക്കാനാ. ഇപ്പോള്‍ ഞാന്‍ മരിച്ചിട്ട് കൃത്യം രണ്ടു മണികൂര്‍ ആയി കാണും . എന്റെ ഭൌതിക ശരീരം ഇപ്പോള്‍ മോര്‍ച്ചറിയില്‍ തണുത്തു മരവിച്ചു ഇരിക്കയാണ് . അല്‍പ്പം പോലും തണുപ്പ് സഹിക്കാന്‍ പറ്റാത്ത ഞാന്‍ ഇപ്പോള്‍ ഐസ് പെട്ടിക്കുളില്‍ കിടക്കുവാ . എന്നെ അവിടെനിന്നും ഒന്ന് മാറ്റുവോ എനിക്ക് ഈ തണുപ്പ് സഹിക്കാന്‍ പറ്റില്ല . എന്നെ കീറിമുറിച്ച്‌ പരിശോദിക്കാന്‍ കാത്തു നില്‍ക്കായ കൊച്ചു ഡോക്ടര്‍മാര്‍ . വേണ്ട അച്ഛാ എന്നെ കീറിമുറിക്കാന്‍ വിട്ടുകൊടുക്കല്ലേ . ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഞാന്‍ സൂക്ഷിച്ച ശരീരം ആണ് , അതിനെ കീറാന്‍ കൊടുക്കണ്ട . ഇപ്പോഴും എന്റെ ദേഹത്ത് ഒരു പോറല്‍ പോലും ഇല്ല. ഇപ്പോള്‍ എന്നെ കണ്ടാല്‍ ഞാന്‍ മരിച്ചു കിടക്കയാണ് എന്ന് ആര്‍ക്കും തോന്നില്ല . ചിരിച്ചുകൊണ്ടാണ് ഞാന്‍ ഇപ്പോഴും കിടക്കുന്നത് .


അത്യാഹിത വാര്‍ഡിനു മുന്‍പില്‍ എല്ലാരും ഉണ്ടല്ലോ , ഉണ്ട പക്രു ,പല്ലന്‍ തോമേ ,കന്നാസ് , മടയാ , കെളവാ എല്ലാരും ഉണ്ടല്ലോ . എല്ലാരും കരയുവാ , എന്നെ ഓര്‍ത്തിട്ടാണോ ? ഇതൊക്കെ ജീവിതത്തില്‍ ഉള്ളതാ . ഇന്നു ഞാന്‍ നാളെ നീ . പണ്ട് ഞാന്‍ പറയുന്ന പോലെ ആരുപോയാലും ബാക്കി ഉള്ളവര്‍ ജീവിക്കണം അത് അങ്ങനാടാ . എന്തായാലും ഇന്നത്തെ പാര്‍ടിക്കുള്ള വക ആയല്ലോ, ഇന്നു ഞാന്‍ മരിച്ചതില്‍ ഉള്ള ദുഃഖം, അതിന്റെ പേരില്‍ ഉള്ള കള്ള് കുടി അല്ലേ . ഇനി നിങ്ങള്ക്ക് എന്റെ കത്തി ഇല്ലാതെ വെള്ളം അടിക്കാം അല്ലേ തോമേ . ഇനി ഇല്ല, ഞാന്‍ ഇനി ഇല്ല , ഞാന്‍ പോയി , ഇനി വരില്ല അളിയാ ഇനി തിരികെ വരില്ല എപ്പോഴും പറയുന്ന പോലെ അല്ല , ഒരു പ്രാവശ്യം കൂടെ അവസാനമായി എന്റെ കൂട്ടുകാരുടെ കൂടെ ഒരു പാര്‍ട്ടി. അതിനു ഇനി പറ്റില്ലല്ലോ .


തീര്‍ന്നു ഹരി,ഇനി നിന്റെ വിഷമങ്ങള്‍ നീ ആരോടും പറയും . ഇനി നിനക്ക് കെട്ടിപിടിച്ചു കരയാന്‍ ആരാ ഉള്ളത് . ഞാന്‍ കൂടെ ഇല്ലാന്ന് കരുതി നീ ആവശ്യം ഇല്ലാതെ കറങ്ങി നടന്നു കാശ് കളയര്യ്തു , അടുത്ത മാസം നിന്റെ കല്യാണം ആണ് അത് മറക്കരുത് . ഞാന്‍ എങ്ങു മുകളില്‍ ഇരുന്നു എല്ലാം കാണാം . നിന്റെ ഭാര്യയോടു എന്റെ ആശംസകള്‍ അറിയിക്കണം . ഞാന്‍ മുന്നില്‍ നിന്ന് നടത്തേണ്ട കല്യാണം ആയിരുന്നില്ലേ അളിയാ . പോയില്ലേ എല്ലാം .


ശ്യാമേ , മനുവേ നമ്മുടെ എല്ലാ‍ കൂട്ടുകാരെയും വിളിക്കണം കേട്ടോ എന്റെ അടക്കത്തിനു , എനിക്ക് എല്ലാരേയും അവസാനം ആയി ഒന്ന് കാണണം . ഒരുപാട് ജാഡ കാണിച്ച് ടൈം ഇല്ല എന്നൊക്കെ ഡയലോഗ് അടിക്കയണേല്‍ വേണ്ട വരുന്നവര്‍ വരട്ടെ അല്ലേ . പക്ഷെ അറിയിക്കേണ്ടത് നിങ്ങളുടെ കടമ ആണ് . എന്റെ പ്രിയതോഴിയെ വിളിക്കണം അത് പ്രതേകം ശ്രദ്ധിക്കണം. ശ്യാമേ നീ വേണം ആ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ . അവര്‍ ആരെന്ങിലും വരുമോ . പാത്തുമ്മ വരും അവള്‍ക്കു ഞാന്‍ എന്നാല്‍ ജീവനായിരുന്നു , നിങ്ങള്‍ മുന്നില്‍ നിന്ന് എല്ലാ‍ കാര്യങ്ങളും നോക്കണം , അറിയാല്ലോ എന്റെ അച്ഛന് വയ്യാത്തതാണ് പിന്നെ അനിയന്‍ അവന്‍ കൊച്ചു കുഞ്ഞല്ലെടാ . ശ്യാമേ അവനെ നിന്റെ അനിയനെ പോലെ നീ നോക്കണം കേട്ടോടാ . ഇനി അവനെ ശ്രദ്ധിക്കാന്‍ ആരും ഇല്ല. ചേച്ചിയും പപ്പയും വിചാരിച്ചലോന്നും അവനെ ശ്രദ്ധിക്കാന്‍ പറ്റില്ല . നിന്നെ അവനു വല്യ ഇഷ്ട്ടമാണ് എന്നെക്കാളും ഇഷ്ട്ടം നിന്നോടാ .
ഞാന്‍ പറഞ്ഞത് അച്ഛന്‍ കേട്ടു ഇന്നു തോനുന്നു ,എന്നെ കീറിമുറിക്കാന്‍ വിട്ടുകൊടുത്തില്ല . ഇനി എങ്ങട്ടാ എന്നെ കൊണ്ട് പോകുന്നെ. വീട്ടിലോട്ടു ആണോ ? ഇപ്പോള്‍ അവിടെ എല്ലാരും വന്നു കാണും അല്ലേ ? ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എല്ലാം .


അമ്മേ അമ്മ കരയാതെ ഞാന്‍ നിങ്ങളെ വിട്ടു എങ്ങോട്ടും പോകില്ല , എന്റെ പുന്നാര അമ്മയെ വിട്ടു ഞാന്‍ എവിടെ പോകാനാ. ശ്യാമേ എന്റെ അമ്മയെ എന്റെ കൂടെ ആംബുലന്‍സില്‍ ഇരുത്തണം കേട്ടോ എന്നെ കണ്ടു കൊതി തീര്നിട്ടില്ല ആ പാവത്തിന് , എന്നെ ഒന്ന് കേട്ടിപിടിക്കാന്‍ പറയടാ എന്റെ അമ്മയോട് , കരഞ്ഞു കരഞ്ഞു അതിനു പോലും ആരോഗ്യം അല്ലാതായി മാറിയോ . ഞാന്‍ വാങ്ങിത്തരുന്ന സ്വര്‍ണ്ണ മാല ഇട്ട് നടക്കണം എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു . എന്റെ കല്യാണത്തിന് നന്നായി ഒന്ന് വിലസണം എന്നും . കഴിഞ്ഞില്ലല്ലോ മറിയാമ്മേ ഒന്നിനും . ഇനി എനിക്ക് പനി വന്നാല്‍ ആരുണ്ട്‌ ഇവിടെ എന്നെ നോക്കാന്‍ . കടങ്ങള്‍ എല്ലാം ബാകിയായി അല്ലേ ചേച്ചി. പേടിക്കണ്ട എല്ലാം നമ്മുടെ കുഞ്ഞു അനിയന്‍ നോക്കികോളും അവന്‍ എന്നേക്കാള്‍ മിടുക്കനാ .


കുറച്ചു നേരം ഞാന്‍ ഒന്ന് എല്ലാവരെയും നോക്കട്ടെ , എന്നെ അവസാനമായി കാണാന്‍ വന്നവരെ . പാത്തു നീ വന്നോ , നീ വരും എന്ന് എനിക്ക് അറിയാമായിരുന്നു , നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ കിടക്കുന്നത് കണ്ടോ . നോക്കിയെ എന്റെ പാവം അമ്മച്ചി കിടന്നു കരയുന്നത് , നീ ഒന്ന് അടുത്ത് പോയി ഇരുന്നു സമാധാനിപിച്ചേ എന്റെ അമ്മച്ചിയെ . അത് കഴിഞ്ഞു അകത്തു എന്റെ മുറിയില്‍ എന്റെ തലയണ കെട്ടിപിടിച്ചു കിടക്കുന്ന പെങ്ങളെ ഉണര്‍ത്തു . നിന്നെ കാണുമ്പോള്‍ ചേച്ചിക്ക് കുറച്ചു ആശ്വാസം കിട്ടും . ഞാന്‍ പോയ വിവരം ഒന്നും അറിയാതെ, ഞാന്‍ വാങ്ങികൊടുത്ത കളിപ്പാട്ടവും വച്ച് കളിച്ചു കൊണ്ട് ഇരിക്കുന്ന എന്റെ ചേച്ചിയുടെ പൊന്നോമനകളെ കണ്ടോ , അങ്കിള്‍ ഇനി എപ്പോള്‍ ഫോണ്‍ വിളിക്കും എന്ന് ആലോചിച്ചു ഇരിക്കായ രണ്ടുപേരും . അവരോടു എന്റെ അടുത്ത് വന്നു ഇരിക്കാന്‍ പറയു പാത്തു . ഞാന്‍ ഒന്ന് കാണട്ടെ എന്റെ കുട്ടികളെ , ഇനി അങ്കിള്‍ വരില്ല മക്കളെ നിങ്ങള്ക്ക് കളിപ്പാട്ടം വാങ്ങിതാരനും , കറങ്ങാന്‍ കൊണ്ടുപോകാനും . എന്റെ കുഞ്ഞുങ്ങളെ ഒന്ന് പുണരാന്‍ പറ്റില്ലല്ലോ എന്റെ കര്‍ത്താവെ . എന്റെ നെഞ്ചില്‍ കിടന്നാല്‍ അല്ലാതെ ഉറങ്ങാത്ത ആളാ മോന്‍ , ഇനി അവന്‍ ഉറക്കത്തില്‍ എണീറ്റാല്‍ അവനെ ആര് ഉറക്കും .


പാത്തു എന്റെ അച്ഛനെ കണ്ടോ , ഒരുതുള്ളി കണ്ണുനീര് പോലും കളയാതെ എല്ലാം ഉള്ളില്‍ വച്ചിരിക്കുവാ . എന്റെ ചടങ്ങുകള്‍ നടത്താന്‍ ഓടിനടക്കുവാ പാവം . ഒന്ന് പൊട്ടികരയാന്‍ പറയു പാത്തു ഇല്ലേല്‍ തളര്‍ന്നു പോകും എന്റെ അച്ഛന്‍ . അച്ഛന്‍ എപ്പോഴും പറയും ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നീ ആണ് പിന്നെ എല്ലാരേയും നോക്കേണ്ടത് . അത് കൊണ്ട് നീ കരയരുത് , എന്റെ പെട്ടി എടുക്കുമ്പോള്‍ നീ മുന്നില്‍ തന്നെ ഉണ്ടാവണം . അച്ഛാ ഇനി ആരാ അച്ഛനെ മാസംതോറും ആശുപത്രിയില്‍ കൊണ്ട് പോകുന്നേ. ആരാ അച്ഛനെ പള്ളി നടയില്‍ നിന്നും വിളിച്ചുകൊണ്ടു വരുന്നേ , അച്ഛാ രാത്രി ആയാല്‍ പിന്നെ വണ്ടി ഓടിക്കരുത് കേട്ടോ അച്ഛന് ഇപ്പോഴേ നേരെ കണ്ണുകാണില്ല , ഇനി അച്ഛന്‍ മാത്രമേ ഉള്ളു അവരുടെ കാര്യങ്ങള്‍ നോക്കാന്‍ . എല്ലാത്തിനും അച്ഛന് ഞാന്‍ കൂടെ വേണമായിരുന്നു .ഇനി എങ്ങനാ അച്ഛാ . ജീവിതത്തില്‍ ഇതു വരെ എന്റെ അച്ഛന്‍ എന്നെ ഒന്ന് അടിച്ചിട്ടില്ല , ഇപ്പോഴെങ്ങിലും എന്നെ ഒന്ന് തല്ലു അച്ഛാ , ഇനി ഒരിക്കലും അതിനു പറ്റില്ലല്ലോ , അച്ഛന്റെ കയ്യില്‍ നിന്നും ഒരു അടികിട്ടന്‍ ഞാന്‍ എത്ര കൊതിച്ചിട്ടുണ്ട് എന്ന് അറിയാമോ .


വേറെ ആരൊക്കെയാ വന്നിട്ടുള്ളത് . ഒരു നാട് മുഴുവന്‍ ഉണ്ടല്ലോ? എന്റെ കുളിപ്പിച്ച് കിടത്തിയ ശരീരം നോക്കി നില്‍ക്കുകയാണ് എല്ലാരും . അപരിചിതരായ കുറച്ചു പേര്‍ മുന്നോട്ട് കയറി വന്നു എന്റെ ശിരസില്‍ മുത്തുന്നു . കണ്ണുകളിലെ ഈറന്‍ തുടച്ചു മാറ്റി പുറകിലോട്ടു മാറി ഫോട്ടോയ്ക്ക്‌ നില്‍ക്കുന്നു .എനിക്ക് അവരെയോ അവര്‍ക്ക് എന്നെയോ അറിയും എന്ന് തോനുന്നില്ല , പക്ഷേ എവിടെയോ കണ്ട മുഖങ്ങള്‍ ആണ് , അതെ അത് വേറെ ആരുമല്ല സ്ഥലത്തെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവാണ്‌ പിന്നെ അനുയായികളും. എന്റെ പ്രിയപ്പെട്ട ലാലേട്ടനെ തോല്പിക്കുന്ന അഭിനയം .


കസേരകള്‍ കൂട്ടി ഇട്ടിരിക്കുന്ന അടുത്ത് നല്ല സംസാരം കേള്‍ക്കാം , കുറച്ചു നാളുകള്‍ക്ക്ശേഷം എല്ലാരേയും ഒരുമിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് പലരും , കയ്യില്‍ ഒരു കപ്പ്‌ ചായയും ഒരു ബീഡിയും വലിച്ചു കൊണ്ടാണ് പലരും കത്തി വയ്ക്കുന്നത് . അതില്‍ ആരും എന്നെ കുറിച്ച് സംസാരിക്കുനില്ല ,കുടുംബകാര്യങ്ങള്‍ ജോലികര്യങ്ങള്‍ നാട്ടുവിശേഷം അങ്ങനെ അവര്‍ ഓരോ കാര്യങ്ങള്‍ സംസാരിച്ചു എന്റെ മരണത്തില്‍ പങ്കുചേരുന്നു . അതിനിടയില്‍ കുറ്റിപിരിവു നടത്തുന്ന വമ്പന്മാരും ഉണ്ട് .
കുറച്ചുമാറി എന്റെ സുഹൃത്തുകള്‍ നില്‍ക്കുന്നു , പലരുടെയും കണ്ണുകളില്‍ ഒരു നിര്‍വികാരത , അതില്‍ ഈറന്‍ അണിഞ്ഞ കണ്ണുകള്‍ വിരളം ആയി എനിക്ക് തോന്നി . ഞാന്‍ ആരുമായും ഒരുപാട് കടപ്പാട് സൂക്ഷിക്കാത്ത ഒരാളായത് കൊണ്ട് ആര്‍ക്കും അത്രമേല്‍ ദുഃഖം ഉണ്ടാവാന്‍ ഇടയില്ല . എന്നിട്ടും ഞാന്‍ കണ്ടു കലങ്ങിമറിഞ്ഞ 10 കണ്ണുകള്‍ .എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്ന അഞ്ചു തടിമാടന്മാര്‍ . അവരായിരുന്നു എന്റെ പ്രിയപെട്ടവര്‍ , അവരില്ലാതെ ഞാന്‍ ഇല്ലായിരുന്നു ഒരു കാലഘട്ടത്തില്‍ . എന്നിക്ക് ഓര്‍മിക്കാനും എന്നെ ഒര്മിക്കാനുമായി സര്‍വേശ്വരന്‍ കനിഞ്ഞു നല്‍കിയ കൂട്ടുകരന്മാര്‍ . പലരും എന്നെക്കുറിച്ച് അവന്‍ വളരെ നല്ലവനായിരുന്നു എന്ന് പറയുന്നുണ്ട് , അവന്‍ ശരിയല്ലായിരുന്നു എന്നും . കൂടയൂണ്ടയിരുന്നപ്പോള്‍ അപമാനിച്ചവര്‍ ,ക്രൂശില്‍ തറച്ചവര്‍, എന്നെ അറിയില്ല എന്ന് പറഞ്ഞവര്‍ , ആഭാസന്‍ എന്ന് മുദ്ര കുട്ടിയവര്‍ എന്തുകണ്ടിട്ടന്നവോ ഇപ്പോള്‍ ഇങ്ങനെ ? എനിക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ട എന്ന് പറഞ്ഞേക്ക് . എനിക്ക് വെറുപ്പാ ,പീഡാസഹനങ്ങള്‍ മാത്രം തന്ന ഒരു കാലഘട്ടം .


അവസാനം ഞാന്‍ തിരഞ്ഞു നടന്ന മുഖം എന്റെ മുന്നില്‍ പ്രത്യക്ഷപെട്ടു . ആരോരും കാണാതെ , ആരോരും അറിയാതെ ഒളിഞ്ഞുനിന്നു എന്നെ നോക്കുകയാണ് . പ്രിയ കൂട്ടുകാരി ,ഇവിടെ കൂടിയിരിക്കുന്ന ജനങ്ങളില്‍ രക്തബന്ധമില്ലാത്ത ബന്ധങ്ങളില്‍ എന്നോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് നീ എനിക്ക് ചുറ്റും തീര്‍ത്ത സുഗന്ധ പരിമളമായ സൌഹൃദം തന്നെ ആണെന്നറിയുക . അന്ന്യയെപോലെ മാറിനില്‍ക്കാതെ മുന്‍പോട്ടു വരിക . എന്റെ അരികിലായി ഇരിക്കുക ,നിന്റെ വിറയാര്‍ന്ന വിരലുകളാല്‍ എന്റെ ശിരസില്‍ തലോടുക , നിന്റെ നന്നുത്ത ചുണ്ടുകളാല്‍ അവസാനമായി എന്നെ ചുംബിച്ചുകൊല്കാ. അത്ഭുതത്തോടെ എല്ലാവരും നിന്നെ നോക്കുന്നുണ്ടാവും നീ അതില്‍ നീരസ പെടേണ്ട, എനിക്ക് ചുറ്റും നില്‍ക്കുന്നവര്‍ ഇതിനോടകം തന്നെ നമ്മെക്കുറിച്ച് കഥകള്‍ മേഞ്ഞഞ്ഞു കഴിഞ്ഞു , രഹസ്യമായി അവര്‍ അത് പങ്കുവക്കുന്നുമുണ്ട്. അതൊക്കെ ഭ്രാന്തന്റെ വെറും ജല്‍പ്പനങ്ങള്‍ ആയി കരുതുക .നമ്മുക്ക് പറയാന്‍ ഇനിയും ഉണ്ട് ഒരുപാട് കാര്യങ്ങള്‍ , എന്നാല്‍ സമയത്തിന്റെ പരിമിതിയും.


അവസാനമായി നിന്നെ കണ്ടപ്പോഴും മരണത്തെക്കുറിച്ച് ഞാന്‍ പറഞ്ഞായിരുന്നു . ഭൂമിയുടെ നശ്വരതയില്‍ നിന്നും അനശ്വരമായ ലോകത്തിലേക്ക്‌ എന്നെ ആനയിക്കാന്‍ ദൈവദൂതന്‍ വരുന്നത് ഞാന്‍ കണ്ടതായി . നീര്മാതളപൂവില്‍ നിന്നും ഇറ്റു വീഴുന്ന തേന്‍കണം പോലെയുള്ള നിന്റെ കണ്ണുനീര്‍ അന്ന് എന്നെ മൌനിആക്കി . മരണം എന്ന സത്യം എന്നെ ഗ്രസിച്ചു നില്‍ക്കുന്ന ഈ വേളയില്‍ കാലം നിന്നെ മൌനിആക്കി. നിന്റെ വേദന പ്രകടിപ്പിക്കാന്‍ ഇവിടെ ഞാന്‍ അല്ലാതെ നിനക്ക് വേറെ ആരും ഇല്ല അല്ലേ ? പ്രഹസനങ്ങള്‍ കാട്ടി ശ്രദ്ധനേടുന്നവരുടെ ഇടയില്‍ നീ ഒരു കോമാളി ആകുന്നതു എനിക്ക് ഇഷ്ടമില്ല . ശ്വാസം നിലച്ച നിന്റെ ഹൃദയം എനിക്ക് കാണണം , അതില്‍ ഞാന്‍ എന്ന മുള്ള് ഉണ്ടാക്കുന്ന വേദനയും .
എന്നെ മറവുചെയ്യാന്‍ സമയം ആയി , അവസാനമായി എന്നെ ചുംബിക്കുന്നവരില്‍ എന്റെ പ്രിയപ്പെട്ടവര്‍ എല്ലാം ഉണ്ടോ എന്ന് ഞാന്‍ തിരക്കി . എന്റെ കുഞ്ഞു പൈതലുകള്‍ , അച്ഛന്‍ ,അമ്മ , ചേച്ചി എന്റെ കുഞ്ഞനിയന്‍ , സ്നേഹിതര്‍ പിന്നെ എന്റെ ആത്മാവായ നിയും .


പള്ളി സെമിത്തേരിയിലേക്ക് എന്നെ വഹിച്ചുകൊണ്ട് വരികയാണ്‌ , അലറി വിളിക്കുന്ന അമ്മയും ,ചേച്ചിയും , ബന്ധുക്കളും എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുന്ന അനിയനും അച്ഛനും സ്നേഹിതരും. മൌനമായി വേദനിക്കുന്ന ഒരുപാട് ഹൃദയങ്ങള്‍ .എന്റെ ശവമന്ച്ചം മൂടപെടുന്നതിനു മുന്‍പേ ഒരിക്കല്‍ കൂടെ എന്‍ അമ്മ എന്നെ പുണര്‍ന്നെന്കില്‍ . എന്റെ കല്ലറയില്‍ അവസാന മണ്ണും ഇട്ട് എല്ലാവരും യാത്ര ആവുന്നു . എന്റെ പ്രിയ സഹി നീ അവിടെ നില്‍ക്കുക്ക തനിച്ചു , അവിടെ നിന്നും പോകുന്ന അവസാന വ്യക്തി നീയയിരിക്കണം.


എന്നെ തനിച്ചാക്കി വളരെ വേഗത്തില്‍ ഇവിടെനിന്നും പോകുവാന്‍ നിനക്കാവില്ല , ഇപ്പോള്‍ നാം ഇരുവരും മാത്രം , കരയുക ഉറക്കെ കരയുക നീ ,എന്നോട് ചേര്‍ന്ന് നില്‍ക്കുക്ക , എന്നെ മറവുചെയ്ത മണിയറയില്‍ ചേര്‍ന്നിരിക്കുക . നിന്നെ നനയിക്കാന്‍ പെയ്യുന്ന ഈ മഴ നിന്റെ കണ്ണുനീര്‍ തന്നെയാണെന്നു ഞാന്‍ അറിയുന്നു . ഇടതൂര്‍ന്ന നിന്റെ മുടിയിഴകള്‍ എന്റെ മേനിയില്‍ സ്പര്ശിച്ചിരിക്കുന്നു,ഭൂമിയില്‍ പതിക്കുന്ന നിന്റെ ഓരോ കണ്ണുനീര്‍ തുള്ളിയും ആഴ്നിറങ്ങി എന്റെ മേനിയെ പുണരുന്നു , എനിക്ക് അതറിയാന്‍ കഴിയുന്നു. ഘോരമായ അന്ധത , വന്യമായ എകാന്ധത , ചങ്ങല പൊട്ടിച്ചെറിയാന്‍ ശ്രമിക്കുന്ന ഭ്രാന്തിയെ പോലെ , പൊട്ടിത്തെറിക്കാന്‍ നില്‍ക്കുന്ന നീര്‍കുമിള പോലെ .......
തിരികെ പോവുക നീ , തിരിഞ്ഞു നോക്കാതെ , നിന്നെ ഇവിടെ പിടിച്ചു നിര്‍ത്താന്‍ അനിക്ക് ആഗ്രഹം ഉണ്ടെന്നാല്‍ കൂടെ , നിന്റെതായ നിനക്കായി ഒരു ലോകം നിന്നെ കാത്തിരിക്കുന്നു . പോവുക മണ്മറഞ്ഞ ഓര്‍മകളെ ഈ ശവകുഴിയില്‍ ഉപേക്ഷിച്ചു.


ശവപ്പറമ്പ് കൂരിരുട്ടിന്റെ കരാള ഹസ്തങ്ങളില്‍ എല്പ്പിക്കപെട്ടു കഴിഞ്ഞു . എനിക്ക് ചുറ്റും കൂടി നിന്ന ഉറ്റവര്‍ ഉടയവര്‍ , എനിക്കായ് കണ്ണീര്‍ പൊഴിച്ചവര്‍ ആരുമില്ല ചുറ്റും. ആര്‍ത്തട്ടഹസിക്കുന്ന , ഭ്രാന്തമായി ചിരിക്കുന്ന , സ്വയം കുത്തി മുറിവേല്‍പ്പിക്കുന്ന , വേദന കടിച്ചമര്‍ത്തി കഴിയുന്ന , ഉച്ചത്തില്‍ പരിഹസിക്കുന്ന , കൈകാലുകള്‍ ഇല്ലാത്ത , ഉടലും തലയും വേര്‍പെട്ട ജീര്‍ണിച്ച മനുഷ്യര്‍ എനിക്കുചുറ്റും പറന്നു നടക്കുന്നു .


"ഇനി ഞാന്‍ ഉറങ്ങട്ടെ ഈ ആത്മാക്കള്‍ക്കൊപ്പം "

Jul 30, 2009

ഗള്‍ഫ്‌ മലയാളി

അംബരചുംബികള്‍ നിറഞ്ഞൊരു മണ്ണില്‍
മണ്ണില്ലാത്തവന്‍ മലയാളി.
കാശിനുവേണ്ടി കടലിനുമേലെ
പാറി വരുന്നൊരു മലയാളി .


ഏറെ വിയര്‍ക്കും മലയാളി
ഒത്തു കിടക്കും മലയാളി
കുതികാല്‍ വെട്ടും മലയാളി
എന്നും പാപ്പര്‍ മലയാളി


ചിട്ടി നടത്തും മലയാളി
വുണ്ടി വിളിക്കും മലയാളി
കുഴലയക്കും മലയാളി
സീരിയല്‍ കാണും മലയാളി


അയല്‍പക്കത്തെ ചെക്കനെ കണ്ടാല്‍
തിരിഞ്ഞു നടക്കും മലയാളി
അയല്‍പക്കത്തെ ചേച്ചിയെ കണ്ടാല്‍
പുറകെ നടക്കും മലയാളി


പാതി വെള്ളി കാശിനു വേണ്ടി
കത്തിയെടുക്കും മലയാളി
നൂറു വെള്ളി കാശു കൊടുക്കും
വെളുത്ത മേനി പുണര്‍നീടന്‍


കള്ള് കുടിച്ചാല്‍ ഫോണ്‍ എടുത്തു
നാട്ടില്‍ വിളിക്കും മലയാളി
പാതിരായ്ക്ക് സെന്റും അടിച്ചു
തെണ്ടി നടക്കും മലയാളി


ഓര്‍മ്മകള്‍ വാരി പുണര്‍നീടും
അവന്‍ നാടിനെ എന്നും ഓര്‍തീടും
ഇടവപാതി കര്കിടകമ്പോള്‍
ആണ്ടിലൊരിക്കല്‍ വന്നീടും

Jun 11, 2009

തിരുവല്ലയിലെ മഴക്കാല ജീവിതം












പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൌണില്‍ MCA പഠിക്കുന്ന കാലം . പ്രശസ്തമായ MACFAST കോളേജ് ആണ് ആസ്ഥാനം . നല്ല മഴക്കാലം ആണ് , പുറത്തു ഇറങ്ങാന്‍ പറ്റുനില്ല. രാവിലെകളില്‍ ഉറക്കം എഴുനേല്‍ക്കാന്‍ പോലും തോന്നില്ല . ഞങ്ങള്‍ താമസിക്കുന്നിടത്ത് റബ്ബര്‍ തോട്ടം ഉള്ളത് കൊണ്ട് തണുപ്പും കൂടുതലാണ് . പിന്നെ ഹോസ്ടലും കോളേജും അടുത്തടുത്ത്‌ ആയതു കൊണ്ട് മാത്രം കോളേജില്‍ പോകാറുണ്ടായിരുന്നു. കൂടുതല്‍ കുട്ടികളും ഹോസ്റ്റലില്‍ ആയതു കൊണ്ട് ക്ലാസ്സ്‌ മുറപോലെ നടക്കുന്നുണ്ടായിരുന്നു . അത് മാത്രമല്ല എല്ലാരേയും കണ്ടു വിശേഷങ്ങള്‍ ഒക്കെ ചോദിചില്ലേല്‍ മനസിന്‌ ഒരു വല്ലായിമ ആണ് .





അടുത്ത വീട്ടിലെ ചേച്ചി ആയിരുന്നു ഞങ്ങളുടെ അന്നധാതാവ് . രാവിലെ ഒരു കട്ടന്‍ പതിവായിരുന്നു . കട്ടനും കഴിച്ചു വീണ്ടും ഒരു ഉറക്കം ആണ് 8.30 വരെ . വീടുകളില്‍ നിന്ന് പഠിച്ചിരുന്ന കുറച്ചു മാന്ന്യന്‍മാര്‍ ഉണ്ടായിരുന്നു എന്റെ ക്ലാസില്‍ , അങ്ങനെ പറയാന്‍ കാരണം ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നവര്‍ തെമ്മാടികളും കൊള്ളരുതാത്തവരും ആണെന്ന് ആണല്ലോ പൊതുവേ , അങ്ങനെ എല്ലാ മാന്യന്മാരും സുന്ധരന്മാരവാന്‍ രാവിലെ ഹോസ്റ്റലില്‍ വരുന്നത് ഒരു പതിവായിരുന്നു (ശ്രീറാം ,സഞ്ജു , ബിനു , സജിത്ത് , ഹരിലാല്‍ , എസ്തു ......). അപ്പോഴാണ് ഞങ്ങള്‍ വീണ്ടും ഉറക്കം ഉണരുന്നത് . പിന്നെ ഒരു ഉത്രടപാച്ചില്‍ , ഒരിക്കലും ഞങ്ങള്‍ സമയത്തിന് ക്ലാസ്സില്‍ കയറാറില്ല , വെള്ളം ഇല്ലായിരുന്നു , കറന്റ്‌ ഇല്ലായിരുന്നു അങ്ങനെ ഓരോ ദിവസം ഓരോ കാരണങ്ങള്‍ . മുന്നില്‍ കൊച്ചുമോന്‍ ഉണ്ടേല്‍ പിന്നെ ധൈര്യം ആയി . പിന്നെ പിന്നെ അദ്ധ്യാപകരും അത് ശീലിച്ചു തുടങ്ങി..




മൂന്നാം നിലയിലുള്ള എന്റെ ക്ലാസ്സമുറിയിലെ ജനലുകള്‍ തുറന്നിട്ടാല്‍ വിശാലമായ കണ്ടം കാണാം , ഒരിക്കല്‍ കൃഷി ചെയ്തിരുന്ന സ്ഥലം ആണ് ,ഇന്നു വെറുതെ ചതുപ്പ് നിലമായി കിടക്കുന്നു . മഴക്കാലത്ത് ചതുപ്പ് ഒരു കായലായി രൂപപെടും . പൊടി മീനിനെയും പച്ചതവളയെയും പിടിക്കാന്‍ വരുന്ന നാട്ടുകാരുടെ ബഹളം ആണ് പിന്നെ . ജനലരുകില്‍ ഇരുന്നു ഇതെല്ലാം വീക്ഷിക്കുന്നത് എന്റെ ഒരു ശീലം ആയിരുന്നു, എന്റെ മാത്രമല്ല ഒരുപാട് പേരുടെ . മഴയോട് വല്ലാതോരടുപ്പം ആണ് എനിക്ക് അത് കൊണ്ട് മഴ ഉള്ള സമയങ്ങളില്‍ ഞാന്‍ ജനലരുകില്‍ മാത്രമേ ഇരിക്കുകയുള്ള് അതും തുറന്നിട്ട ജനലരുകില്‍ . നേര്‍ത്ത മഴത്തുള്ളികള്‍ ശരീരത്തില്‍ പതിക്കുമ്പോള്‍ ഈസ്റ്റ്‌ കോസ്റ്റ്‌ വിജയന്‍റെ പ്രണയ ഗീതങ്ങള്‍ ആണ് മനസ്സില്‍ നിറയുന്നത് . കാറ്റതു തിമിര്‍ത്തു പെഴുന്ന മഴയും ആടി ഉലയുന്ന റബ്ബര്‍ മരങ്ങളും വിശാലമായ കണ്ടവും കൊച്ചു തോണിയും കണ്ടതിനു കുറുകെ ഉള്ള പഞ്ചായത്ത് നടവഴിയും അലഞ്ഞു തിരിയുന്ന കാലികൂട്ടങ്ങളും കൂടി ആ പ്രദേശത്തിന് ഒരു അഭൌമിക സൗന്ദര്യം ചാര്‍ത്തികൊടുത്തിരുന്നു . ആ നിമിഷങ്ങളില്‍ ഞാനും വേറൊരു ലോകത്തില്‍ ആയിരിക്കും . അവിടെ നിന്നും തിരികെ വരണമെങ്ങില്‍ വിന്‍ മാത്യു സാറിന്റെ , സ്മിത മിസ്സിന്റെ , വാണി മിസ്സിന്റെ ചോക്കേര് കിട്ടണം പൊതുവേ ഉറങ്ങിയാല്‍ പോലും ആരും വിളിക്കാറില്ല പിന്നെ വല്ലപ്പോഴും സ്നേഹം കൂടുമ്പോള്‍ മാത്രം .




മഴക്കാലങ്ങളില്‍ ഉച്ചതിരിഞ്ഞ് ഹോസ്റ്റലില്‍ വന്നു രണ്ടെണ്ണം വീശി ചീട്ടും കളിച്ചിരിക്കാന്‍ എന്ത് രസം ആണെന്നോ ? ഞങ്ങള്‍ ഇടയ്ക്കു അങ്ങനെ ഇരിക്കാറുണ്ടായിരുന്നു . ഗുലാം പെരിശ് അഥവാ 28. വല്യ വാശി കളിയാ , കൂട്ടത്തില്‍ മിടുക്കന്‍ ജഗന്‍ എന്ന ജഗ്ഗു തന്നെ . പക്ഷേ ജഗന്‍ അടിക്കതില്ല ആള് നീറ്റ്‌ ആണ് . കളി നീണ്ടു പോകുമ്പോള്‍ വീണ്ടും സാധനം എത്തുകയായി . കളിക്കിടയില്‍ ലുട്ടുവിന്റെ വക കുറയെ ബഡായികലുമ് , ഡിനിലിന്ടെയുമ് കൊച്ചു മോന്റെയും വക കുറച്ചു തമാശകളും അങ്ങനെ നല്ല മൂഡ്‌ എത്തിയാല്‍ പിന്നെ അന്ന് എങ്ങോട്ടാ പോവുക എന്നു പറയാന്‍ പറ്റില്ല . പെട്ടെന്ന് പ്ലാന്‍ ചെയ്യുന്നു ഉടനെ പുറപെടുന്നു അതാണ് ഞങ്ങള്‍ . കൂടുതലും പോയിട്ടുള്ളത് മൂന്നാര്‍ വാഗമണ്‍ എന്നീ സ്ഥലങ്ങളില്‍ ആണ് .






ഒരിടത്തും പോകാന്‍ പറ്റിയില്ലേലോ അന്ന് ഷാജി ചേട്ടന്റെ (ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്‍ ) പാവപെട്ട ഏതെങ്ങിലും ഒരു കോഴി ഞങ്ങളുടെ തീന്‍ മേശയില് ഉണ്ടാവും . പൊടി പോലും ഇല്ല കണ്ടുപിടിക്കാന്‍ എന്നു പറഞ്ഞത് പോലെ ആണ് കാര്യം . അതിനു വില്ലന്‍ Dixon തന്നെയാ . ശബ്ദം പുറത്തു വരാതെ കോഴിയെ പിടിക്കാനും കൊല്ലാനും , അത് മാത്രമോ ഒരു പൂട പോലും അവശേഷിക്കില്ല തെളിവിനു , എല്ലാം വളരെ ഭദ്രം ആയി കത്തിച്ചു കളയും. പിന്നെ അന്ന് ചിക്കന്‍ കറി ആന്‍ഡ്‌ ചപ്പാത്തി കൂടെ ലിക്കര്‍ . നീണ്ടു നീട്‌ പോകുന്ന രാത്രികള്‍ പുലരുമ്പോള്‍ ഉറക്കം . രാവിലെ ഷാജി ചേട്ടന്റെ അമ്മ കോഴിയെ നോക്കുമ്പോള്‍ ഒന്നും അറിയാത്ത പോലെ അടുത്ത് ചെന്ന് എന്ത് പറ്റി അമ്മേ എന്നു ഒരു ചോദ്യം .




മഴക്കാലത്ത് രാത്രിനേരങ്ങളില്‍ പൊതുവേ ഹോസ്റ്റലില്‍ കറന്റ്‌ കാണാറില്ല . കോളേജില്‍ ജനെരേട്ടൊര് ഉളത് കൊണ്ട് പുലരുവോളം കോളേജില്‍ തന്നെ ആയിരിക്കും (college computer lab). അത് കഴിഞ്ഞു റൂമിലോട്ടു വരുന്ന വരവ്, തിരികെ എത്തിയാല്‍ എത്തി എന്നേയുള്ളു . കുറ്റാകൂരിരുട്ടു വലതു വശത്ത് റബ്ബര്‍ മരങ്ങളും അതിനു താഴെയായി കറന്റ്‌ കമ്പിയും . മഴ നന്നഞ്ഞു നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ കാറ്റു കൂടെ അടിച്ചാലോ അപ്പൊ നിലം പോത്തും . അത് ലൈന്‍ കമ്പിയുടെ മുകളില്‍ തന്നെ കൃത്യമായി വീഴും . ഭാഗ്യം ഉണ്ടേല്‍ നമ്മുടെ തലയിലോട്ടും . കറന്റ്‌ അടിച്ചു ചാകുമോ തലയില്‍ മരം വീണു ചാകുമോ എല്ലാം ഈശ്വരന് മാത്രം അറിയാം . ഒരു മൊബൈല്‍ ടോര്‍ച്ചും പിടിച്ചാണ് രാത്രിയിലെ നടത്തം. ഒരു ഉദേശം വച്ചാണ് പൊതുവേ നടത്തം . പിന്നെ നല്ല ധൈര്യം ഉള്ളത് കൊണ്ട് ഒരുമിച്ചാ എല്ലാരും ലാബില്‍ നിന്നും ഇറങ്ങുന്നത് . dinile നീ ഒന്ന് കുനിഞ്ഞു നടന്നോ ലൈന്‍ കമ്പി ഒന്നും തലയില്‍ തട്ടണ്ട കൊച്ചുമോന്റെ സ്ഥിരം ഡയലോഗ് ആണ് ഇപ്പോള്‍ വെറുതെ ഓര്‍ത്തുപോയി .



അങ്ങനെ ഇരിക്കെ ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ കണ്ടതിനടുത്തു പോയി , എനിക്ക് കുറച്ചു നീന്ദല് അറിയാവുന്നത് ഞാന്‍ അല്‍പ്പം ജാടയൊക്കെ കാണിച്ചു അങ്ങനെ നില്‍ക്കയായിരുന്നു . നോക്കിയപ്പോള്‍ കരയില്‍ ഒരു ഫൈബര്‍ വള്ളം കിടക്കുന്നു . ഞാന്‍ കൊച്ചുമോനെയും വിളിച്ചു അതില്‍ കയറി ഒന്ന് ചുറ്റി . എല്ലാരും കരയില്‍ വളരെ ആകാംഷയോടെ നോക്കി നില്‍ക്കുന്നു .കൊച്ചുമോന് ബാലന്‍സ് ചെയ്യാന്‍ പറ്റാത്തത്കൊണ്ട് അവനെ കരയില്‍ ആക്കി ഞാന്‍ രു ലോങ്ങ്‌ ജേര്‍ണി തുടങ്ങി അടുത്ത കരയിലോട്ടു.വളരെ പതുക്കെ കായലിന്റെ ഭംഗി ഒക്കെ ആസ്വദിച്ചു സിനിമ സ്റ്റൈലില്‍ . എല്ലാരുടെയും മുന്നില്‍ ഞാന്‍ പെട്ടെന്ന് എന്തൊക്കെയോ ആയതു പോലെ എനിക്ക് തോന്നി . അഹങ്കാരതിന്ടെ കൊടുമുടിയില്‍ ഞാന്‍ എത്തിയ നിമിഷം . അടുത്ത കരയില്‍ നിന്നും ഒരു നാട്ടുകാരന്‍ എന്നെ വിളിച്ചു . ഞാന്‍ വളരെ സന്തോഷത്തോടെ അങ്ങോട്ട്‌ വള്ളം അടുപ്പിച്ചു . മോനെ നീന്ദല് ഒക്കെ അറിയാമോ? അറിയാം ചേട്ടാ . വള്ളം എവിടെന്ന എടുത്തേ ? അവിടെ കെട്ടി ഇട്ടിരുന്നു ഞാന്‍ എടുത്തു . കെട്ടി ഇട്ടിരുന്നാല്‍ നീ എടുക്കോ ? രംഗം വഷളാകും എന്ന് അറിഞ്ഞ ഞാന്‍ വള്ളം കരയില്‍ അടുപ്പിക്കാതെ നിന്നു. ദൂരെ നിന്നും എന്റെ കൂട്ടുകാര്‍ എല്ലാം നോക്കുന്നുണ്ടായിരുന്നു . കായും പുയും ചേര്‍ത്ത് അവന്‍ എനിക്കിട്ടു ഒന്ന് രണ്ടു വിളിച്ചു . അപ്പോള്‍ എനിക്ക് മനസിലായി ഇതു അവന്റെ വള്ളം ആണെന്ന് . പിന്നെ അവന്മാര്‍ക്ക് നമ്മളോട് പണ്ടേ കുറച്ചു കലിപ്സ് ഉണ്ട് . വള്ളം കൊണ്ട് ഇടടാ എന്ന് ഒരു അലര്‍ച്ചയും . കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ റിവേഴ്സ് ഗിയര്‍ ഇട്ടു. പിന്നെ ഒരു നൂറു നൂറ്റി ഇരുപതു സ്പീഡില്‍ ഞാന്‍ തിരികെ എത്തി . ഒരു ചാപ്ലിന്‍ സ്റ്റൈല്‍ . കരയില്‍ നിന്ന എല്ലാര്ക്കും മനസിലായി എന്തൊക്കെയോ നടന്നു എന്ന് പക്ഷെ എന്താ വിളിച്ചതെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല . എന്‍റെ അഭിമാനം പോകില്ലേ ? എന്തായാലും മുകളിലെത്തിയ ഞാന്‍ അതിലും പെട്ടെന്ന് താഴെ എത്തി . സന്തോഷം ആയി . പിന്നെ എന്‍റെ കൂട്ടുകാരന്മാര്‍ക്ക് ഒരു ആഴ്ചത്തേക്ക് പറയാനുള്ള കഥ ആയി .


നാട്ടില്‍ മഴകാലം ആണെന്ന് കേള്‍ക്കുമ്പോള്‍ ഈ മരുഭൂമിയില്‍ ഇരുന്നു എന്‍റെ മനസ് കൊതിക്കാറുണ്ട് മഴ തിമിര്‍ത്തു പെയ്യുന്നത് കാണാന്‍ ,റബ്ബര്‍ മരങ്ങള്‍ ആടിയുലയുന്നത് കാണാന്‍ , നിറഞ്ഞൊഴുകുന്ന കണ്ടം കാണാന്‍ , ഒന്ന് തോണി തുഴയാന്‍ , മഴയത്ത് ബെന്ചെട്ടന്റെ കടയില്‍ വന്നു ഒരു കട്ടന്‍ അടിക്കാന്‍ , കാവാലതുപൊയി പൊടിമീന്‍ കഴിക്കാന്‍ , വെറുതെ മഴ നനയാന്‍ അങ്ങനെ ആഗ്രഹങ്ങളുടെ ഒരു നീണ്ട നിര ....





ഇനി പഴയ പോലെ ഒരു കാലം ഉണ്ടാവുമോ ? ഇനിയും മഴക്കാലങ്ങള്‍ വരട്ടെ തോണിയും തുഴഞ്ഞു നടക്കാന്‍ പുതിയ തലമുറ വരട്ടെ അവരും ആസ്വദിക്കട്ടെ നമ്മുടെ മഴക്കാലങ്ങള്‍
കൂട്ടത്തില്‍ ഓര്‍മ്മകള്‍ അയവിറക്കി ഞാനും ജീവിക്കട്ടെ എവിടെ ഈ മരുഭൂമിയില്‍
ഇതുപോലെ നല്ല നല്ല ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ച കൂട്ടുകാരെ നിങ്ങള്ക്ക് നന്ദി ഒരു ആയിരം നന്ദി

Jun 1, 2009

നറുക്കുകള്‍


നറുക്കിട്ടെടുത്തെന്‍  വഴികളെ 
അവ ചതിക്കില്ലെന്ന  ഉറപ്പോടെ 
വേര്‍ പിരിയുന്ന വഴികള്‍ക്ക് മുന്നില്‍ 
സ്തബ്ധനായ്   നിമിഷ നേരം നോക്കി 
കൌതുകത്തോടെ 
 
മനസ്സിനെ മഥിച്ച ചോദ്യങ്ങള്‍ക്കൊടുവില്‍ 
അതിലൊരു വഴി നറുക്കിട്ടെടുത്തു   
തുടങ്ങിയെന്‍  യാത്ര . 
നറുക്കിട്ടെടുത്തെന്‍  വഴികളെ 
അവ ചതിക്കില്ലെന്ന  ഉറപ്പോടെ
 
ഉന്മത്തമായെന്‍ മാനസത്താല്‍  
മങ്ങിയെന്‍ കാഴ്ചകളും .
വഴിവക്കിലെ നരകിച്ച ജീവിതങ്ങളെ 
കാണാന്‍ തുനിഞ്ഞില്ലൊരിക്കലും  
കണ്ടതോ , സുന്ദരക്കാഴ്ചകള്‍ മാത്രം .
മനമറിയാതെ ചൊല്ലിയാടിയ   
കാഴ്ച്ചകള്‍ക്കൊടുവിലെ  ഭീമമാം -
ഗര്‍ത്തം കണ്ടു പകച്ചു പിന്നോട്ട് തിരിഞ്ഞ നേരം 
കണ്ടില്ല സുന്ദരക്കാഴ്ചകളൊന്നും  ഞാന്‍ .
കൂരിരുട്ടിന്‍  അട്ടഹാസമാല്ലാതെ .
 
പഞ്ചാരപ്പാട്ടുകള്‍ പാടിയെന്‍ മുന്നാലെ 
മന്ദാരപ്പൂക്കള്‍  വിരിയിച്ച കാറ്റേ 
നീ വകഞ്ഞുമാറ്റിയ  അന്ധകാരത്തിലൂടെയാണോ 
ഇത്ര നാള്‍ ഞാന്‍ യാത്ര ചെയ്തതെന്നോ? 
നറുക്കുകളെന്നെ ചതിച്ചുവല്ലോ ...
വന്ന വഴിയേത് ...? ഇനിയെന്തെന്‍ മുന്നില്‍ ...?

ചതിച്ചതാരെന്നെ ...
നറുക്കുകളോ , കാറ്റോ , ഞാന്‍ തന്നെയോ? 
അബോധത്തിലാഴ്ന്ന  നിശകള്‍ക്കും  
വിശ്രമരഹിത  പകലുകള്‍ക്കും 
കത്തിയെരിയുന്ന സിഗററ്റുകുറ്റികള്‍ക്കും  
നരച്ചു പൊങ്ങുന്ന മദ്യക്കുപ്പികള്‍ക്കുമിടയില്‍  
എന്നെ ചതിച്ചതാരെന്നു  
ഞാനെങ്ങനെയറിയുവാന്‍  ?
 
സത്യങ്ങള്‍ ഗ്രഹിച്ചു ഞാന്‍ -
ജീവിത സത്യങ്ങള്‍ , കാലത്തിന്‍ വെളുത്ത സത്യങ്ങള്‍ 
കാലത്തിന്‍ പദയാത്ര തന്‍ മദ്ധ്യേതന്നെ 
ജീവിതം പഠിപ്പിച്ച സത്യങ്ങള്‍ ലളിതം 
അവ ഉള്‍ക്കൊള്ളാത്ത മനസ്സ്  വികൃതവും .
കുറ്റബോധത്തിന്‍  ബൌദ്ധിക  മണ്ഡലം 
കുറ്റപ്പെടുത്തുന്നില്ല അശേഷമെന്നെ  
തെറ്റില്‍ നിന്നു തെറ്റിലേയ്ക്ക് 
ലക്ഷ്യബോധത്തോടെ  ഊളിയിട്ടിറങ്ങുമ്പോഴും 
ദേഹവും ദേഹിയും  ഒരു പോലെ 
മറയിടും  കപട ധരണയിത്  
പിന്നെ ഇവിടെന്തു തെറ്റ് ... ഇവിടെന്തു കുറ്റം ?
എന്ത് കുറ്റബോധം ... എന്ത് സ്വബോധം ?
 
ഒന്നു ചോദിക്കട്ടെ 
പ്രിയ സുഹൃത്തേ, പറയൂ    
ഈ പദയാത്രയില്‍ നീറുമെന്നാത്മാവിനെ 
അസ്ഥിത്വമില്ലാതലയുന്ന എന്നെ 
കണ്ടുവോ ഒരു വട്ടമെങ്കിലും ? 
ജ്വലിക്കുന്ന അഗ്നികുണ്ഡത്തില്‍   
ചാടിയോ നീയും  കണ്ണുനീരിന്‍ നനവോടെ 
എന്റെ സ്വപ്നങ്ങളെപ്പോലെ 
എന്നെപ്പോലെ , ഒരുപിടി ചാരമാവാന്‍ .