Oct 1, 2022


കാല്പനികതയെ വൈകാരികമായി പ്രണയിച്ചിരുന്ന സ്വപ്നജീവി വേർപെട്ടിട്ട് വർഷങ്ങൾ കടന്നുപോയി.
വർണാഭമായ നിറങ്ങൾ ചാലിച്ച സൗന്ദര്യവും,
മനസ്സിന്റെ മണിച്ചെപ്പിൽ വിരിഞ്ഞിരുന്ന മായിക ലോകവും,
പ്രണയം ചാർത്തിത്തരുന്ന ആ ഉന്മത്തമായ ആവേശവും—
ഇപ്പോൾ അന്യം നിന്നുപോയതുപോലെ.

ജീവിതത്തിന്റെ അവസ്ഥാന്ധരങ്ങളെ അതിശയോക്തിയോടെ വരച്ചുകാട്ടുന്ന കവിതകൾ വായിക്കുമ്പോൾ,
ഒരിക്കലും അനുഭവിക്കാത്ത നിറഭേദങ്ങൾ
ഒരു കാഴ്ചക്കാരനെ പോലെ മാത്രം
മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.

വഴിതെറ്റിയെത്തിയ തെക്കൻ കാറ്റ്
പൂമുഖവാതിൽ മെല്ലെ തുറന്നു,
പതിയെ എന്തോ മൂളി.
നിശ്ശബ്ദമായ ഏകാന്തതയെ സ്നേഹിക്കാൻ തുടങ്ങിയതുകൊണ്ടാവാം,
ആ മൂളൽ അലട്ടിയില്ല.

അനന്തമായ ആകാശം,
അതിൽ പറന്നു കളിക്കുന്ന പക്ഷികൾ,
മുത്തുമണിപോലെ തെളിഞ്ഞ സൂര്യൻ,
വിടവിടയായി മിന്നുന്ന നക്ഷത്രങ്ങൾ—
ഇടുങ്ങിയ ജനലഴികളിലൂടെ കണ്ണിലേയ്ക്ക് കടന്നുവന്ന കാഴ്ചകൾ
പതിയെ മങ്ങിപ്പോയി.
പ്രഭാതത്തിൽ നിന്ന് പ്രദോഷത്തിലേക്കുള്ള യാത്ര—
നമ്മെല്ലാവരെയും മോഹിപ്പിക്കുന്ന
ഒരു സുന്ദര ദൃശ്യവിസ്മയം.

ഒരുപക്ഷേ, പകലിനേക്കാൾ ഭംഗി രാത്രിക്കാണ്.
ശാന്തവും സുന്ദരവും.
പണ്ടൊരിക്കൽ കടപ്പുറത്ത് കിടന്ന്
കടലിലോട്ടു മുങ്ങിത്താഴുന്ന ചുവന്ന സൂര്യനെ നോക്കിയപ്പോൾ പോലും
തോന്നിയിരുന്നു—
രാത്രിക്കാണ് മനോഹാരിത കൂടുതലെന്ന്.
തിരമാലകളുടെ സ്വരം കേട്ട്,
നക്ഷത്രങ്ങൾ എണ്ണി കിടന്ന്,
തണുത്ത കാറ്റിൽ മയങ്ങി പോയപ്പോൾ,
രാത്രിയുടെ ഭംഗി അതിരില്ലാതെ വിരിഞ്ഞിരുന്നു.

ഇപ്പോൾ മൂന്നു വർഷമായി നാട്ടിൽ പോയിട്ട്.
പോകണം എന്നു തോന്നുന്നു—
കുറച്ച് നാളുകൾക്കെങ്കിലും കുടുംബസമേതം.
നാടിന്റെ പച്ചപ്പും ഹരിതാഭയും,
മഴയും മണ്ണിന്റെ മണവും,
നാടും നാട്ടുകാരും, വീടും വീട്ടുകാരും—
എല്ലാം അന്യം നിന്നിട്ട് ഏറെ നാൾ.

ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ
എഴുതാനും വായിക്കാനും
പ്രകൃതിയെ ആസ്വദിക്കാനും
സമയം എവിടെ?
വർഷങ്ങൾക്ക് ശേഷം വീണ്ടും എഴുതാൻ ഇരുന്നപ്പോൾ,
കൈമോശം വന്ന കലയുടെ ഭാരം
മനസ്സിനും ചിന്തകൾക്കും വന്ന മാറ്റം
വ്യക്തമായി അനുഭവപ്പെട്ടു.
ചിന്തകൾക്ക് ഒഴുക്കില്ല,
എഴുത്തിന് സാഹിത്യമില്ല—
എല്ലാം കൈവിട്ടുപോയി.

“വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും;
വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും”
എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത്
എത്ര സത്യം!


Aug 16, 2022


സ്വപ്‌നങ്ങൾ എന്നിൽ ശേഷിപ്പായി,
ഇന്നലകൾ വേദനയുടെ ഓർമ്മയായി.
നാളെയൊക്കെയും നീളുന്ന സത്യമായി,
നീ അകാലത്തിൽ പൊഴിഞ്ഞു പോയി.

പുലരിയുടെ കായലോരത്ത്
മുറിബീഡി വലിച്ചിരിക്കുമ്പോൾ,
മധ്യാഹ്നത്തിന്റെ ആലിനിഴലിൽ
വെറുതെ ഇരുന്നു ചിന്തിക്കുമ്പോൾ.

സന്ധ്യയുടെ നിലാവിൽ
ആകാശം നോക്കി കിടക്കുമ്പോൾ,
മനസ്സിൽ വിരിയുന്നൊരു സ്വപ്നം—
അതിൽ ഒരു രാജകുമാരി.

ഇന്നും ഉണ്ട് സ്വപ്നങ്ങൾ മനസ്സിൽ,
ചിറകില്ലാത്ത സ്വപ്നങ്ങൾ,
ലക്ഷ്യമില്ലാത്ത സ്വപ്നങ്ങൾ,
പൂർണതയില്ലാത്ത സ്വപ്നങ്ങൾ.

കൂട്ടിലടച്ച പക്ഷിയെ പോലെ,
“അരുതേ” എന്ന് പറഞ്ഞില്ലെങ്കിലും,
എങ്കിലും പറന്നു പോയി നീ
ഒരു വാക്കും പറയാതെ.

അറിഞ്ഞില്ല നിന്റെ മനസ്സിലെ ചിന്തകൾ,
അറിയുന്നതൊന്നും ഉൾക്കൊള്ളാൻ
ശ്രമിച്ചുമില്ല ഞാൻ.

Jan 27, 2022

സ്വര്‍ഗ്ഗം നരകം

സ്വര്‍ഗ്ഗം നരകം , ദൈവം ,സാത്താന്‍ ഇതൊക്കെ ശരിക്കും ഉള്ളതാണോ ?
 എല്ലാം ശുദ്ധരായ മനുഷ്യരെ പറ്റിക്കാന്‍ ഉള്ള ഒരു തരം കപട വേലകള്‍ അല്ലേ ? 

കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ ഉള്ള സംശയങ്ങള്‍ ആണ് ഇതൊക്കെ . പള്ളിയില്‍ വേദപാഠം പഠിപ്പിക്കാന്‍ വന്ന അച്ഛനോട് വരെ തര്‍ക്കിച്ചു ദൈവം ഇല്ലാ എന്ന് . അപ്പോള്‍ അച്ഛന്‍ എന്റെ കയ്യില്‍ നുള്ളിയിട്ട് ചോദിച്ചു നിനക്കു വേദനിക്കുനില്ലേ . ഉവ്വ് എന്ന് ഞാന്‍ , എന്നാല്‍ വേദന ഒന്നു കാണിച്ചു തരാന്‍ അച്ഛന്‍. വേദനിക്കുന്ന സ്ഥലം കാണിച്ചുതരാം പക്ഷേ വേദന എങ്ങനെ ? അത് പോലെ ചില കാര്യങ്ങള്‍ നമ്മുക്ക് കാണിച്ചു തരാന്‍ പറ്റില്ല. പക്ഷേ നമ്മുക്ക് അത് അനുഭവിക്കാന്‍ കഴിയും. 

സാത്താനും ദൈവവും സ്വര്‍ഗ്ഗവും നരകവും എല്ലാം സാങ്ങല്പ്പികം മാത്രമാണ് . മനുഷ്യ മനസ്സില്‍ നിന്നും ഉണ്ടാകുന്ന ചിന്തകള്‍ , ചിന്തകളില്‍ നിന്നും നാം നല്കുന്ന ചില രൂപങ്ങള്‍ . അല്ലെങ്കില്‍ അമ്മയുടെ ഉദരത്തില്‍ ആയിരിക്കുന്ന അവസ്ഥ മുതല്‍ കേട്ട് തുടങ്ങുന്ന വിശ്വാസങ്ങള്‍ . ഇവയെല്ലാം മിഥ്യ ആയിരിക്കാം എന്നാല്‍ ഇവ ഇല്ലാതെ ജീവിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ്. 

വിശ്വാസങ്ങൾ ഉണ്ടാകുമ്പോൾ ആണ് അവിശ്വാസങ്ങളും ഉണ്ടാവുന്നത്. വിശ്വാസിയും അവിശ്വാസിയും. ലോകം ഇന്ന് രണ്ടു ചേരിയിലാ ഒന്ന് വിശ്വാസി മറ്റൊന്ന് അവിശ്വാസി. പക്ഷേ വിശ്വാസികളിൽ തന്നെ നൂറു നൂറു വ്യത്യസ്ത വിശ്വാസികൾ ഉണ്ട്. അതിൽ ശരിയേത് തെറ്റേത് എന്നുള്ള അടി എന്ന് തീരുമോ എന്തോ?

ലോകം ഉള്ളിടത്തോളം ഉണ്ടാവും അല്ലേ ?